ഔഷധമിത്രയിലേക്ക് സ്വാഗതം
നമുക്കു വേണ്ടതെല്ലാം പ്രകൃതിയിലുണ്ട്. വെള്ളം, വായു, ഭക്ഷണം, പാർപ്പിടം, വസ്ത്രം - എല്ലാം ഭൂമിയാകുന്ന അമ്മ നമുക്കായി കരുതിവച്ചിരിക്കുന്നു.
എന്നാൽ പ്രകൃതിയുമായി ഇണങ്ങിയ ലളിതജീവിതത്തിൽ നിന്ന് അകന്നുപോകുന്തോറും മനുഷ്യൻ രോഗങ്ങൾക്ക് കീഴ്പ്പെടാൻ സാദ്ധ്യത കൂടുന്നു
രോഗം വരാതിരിക്കാനുള്ള വിധിയും രോഗം വന്നാലുള്ള പ്രതിവിധിയും പ്രകൃതിയിൽ തന്നെയുണ്ട്.
ജ്ഞാനികളായ ഋഷിമാർ തപസ്യയിലൂടെ അവ കണ്ടെത്തി പരമ്പരയായി നമുക്ക് പകർന്നു നൽകി. പൗരാണികമായ ഈ ആരോഗ്യശാസ്ത്രം ആയുർവേദം എന്നറിയപ്പെടുന്നു.
ആയുർവേദം നമുക്കു ചുറ്റുമുള്ള ചെടികളിൽ നിന്ന് മരുന്നുണ്ടാക്കുന്ന വിധികൾ പ്രതിപാദിക്കുന്നു.
ഇന്ന് മാറിയ ലോകക്രമം മൂലം മനുഷ്യരെല്ലാം ഒന്നല്ലെങ്കിൽ മറ്റൊരു രോഗം മൂലം വിഷമിക്കുന്ന അവസ്ഥയാണ്. ലോകം മുഴുവൻ ആയുർവ്വേദത്തെ പ്രതീക്ഷയോടെ ഉറ്റു നോക്കുന്നു. എന്നാൽ ആവശ്യത്തിന് ആയുർവ്വേദമരുന്നുകളോ അവ ഉണ്ടാക്കാനുള്ള ചെടികളോ ഇന്ന് കിട്ടാനില്ല.
ഈയൊരു കഷ്ടാവസ്ഥക്ക് മാറ്റം വരുത്തുവാൻ ഉദ്ദേശിച്ച് രൂപം കൊടുത്ത ബൃഹത് ധർമ്മപദ്ധതിയാണ് ഔഷധമിത്ര.
2020 ഒക്ടോബറിൽ കേരളത്തിലെ പ്രമുഖ ധർമ്മസംഘടനയായ ശ്രീരാഘവപുരം സഭായോഗം മുൻകയ്യെടുത്ത് ഭാരതസർക്കാരിന്റെയും അദ്ധ്വാപതി ഓർഗാനിക് ആഗ്രോ ഹോൾഡിങ് പ്രൈവറ്റ് ലിമിറ്റഡിന്റെയും മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ച് ഔഷധമിത്ര ഒരു കമ്പനിയായി രജിസ്റ്റർ ചെയ്യുവാൻ തീരുമാനിക്കുകയുണ്ടായി.
ഔഷധമിത്രയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ -
- നിലവിലുള്ള വൃക്ഷങ്ങളും വള്ളികളും ചെടികളും ആവാസവ്യവസ്ഥയോടു കൂടി സംരക്ഷിക്കുക.
- വളരെ കൂടുതലായി വേണ്ട മരുന്നുചെടികൾ പരമാവധി സ്ഥലത്ത് കൃഷി ചെയ്തുണ്ടാക്കുക.
- അപൂർവ്വമായ മരുന്നുചെടികൾ പ്രത്യേകം നട്ടുപിടിപ്പിക്കുക.
- ഔഷധച്ചെടികളിൽ നിന്നുള്ള ഉല്പന്നങ്ങൾ ശാസ്ത്രീയരീതിയിൽ ശേഖരിക്കുകയും സംസ്കരിക്കുകയും സംഭരിക്കുകയും ആവശ്യക്കാർക്ക് ലഭ്യമാക്കുകയും ചെയ്യുക.
- ന്യായവില ഉറപ്പുവരുത്തി, ഔഷധസസ്യങ്ങളെ പരിപാലിക്കുന്ന സജ്ജനങ്ങളുടെ ക്ഷേമജീവിതം ഉറപ്പുവരുത്തുക.
- ഔഷധസസ്യകൃഷിയിൽ ഗവേഷണം നടത്തുക, കൃഷി പ്രോത്സാഹിപ്പിക്കുക.
- പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവൽക്കരണം നടത്തുക.
- ശുദ്ധമായ വെള്ളം, ശുദ്ധമായ വായു, ശുദ്ധമായ മണ്ണ്, ശുദ്ധമായ ഭക്ഷണം, ശുദ്ധമായ ഔഷധം, ശുദ്ധമായ ശരീരം ശുദ്ധമായ മനസ്സ് ശുദ്ധമായ വാക്ക് ശുദ്ധമായ കർമ്മം ഇവക്ക് വേണ്ടി നിലകൊള്ളുക.